ജെഎൻയുവിന്റെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണം: ബിജെപി എംപി

Divya John

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎൻയു) പേര് എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്സിറ്റി) എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപിയും ഗായകനുമായ ഹൻസ് രാജ് ഹൻസ്. ശനിയാഴ്ച ജെഎൻയുവിൽ, എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ആദ്യമായാണ് ജെഎൻയുവിൽ വരുന്നത്. എന്നാൽ ഒരുപാട് കേട്ടിട്ടുണ്ട്. ഇവിടെ ഇപ്പോൾ കാണുന്ന മാറ്റങ്ങൾ മോദി സർക്കാരിന്റെ ശ്രമഫലമായാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മോദിയോടുള്ള ബഹുമാന സൂചകമായി യൂണിവേഴ്സിറ്റിയുടെ പേരിലെ ‘ജെ’ മാറ്റി ‘എം’ എന്നാക്കണമെന്നും നോർത്ത് വെസ്റ്റ് ഡൽഹി എംപിയായ ഹൻസ് രാജ് ഹൻസ് പറഞ്ഞു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള സംസാരിത്തിനിടെ നെഹ്റു– ഗാന്ധി കുടുംബത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. നമ്മുടെ പൂർവികർ ചെയ്തതിന്റെ ഫലമാണ് ഇന്നു നാം അനുഭവിക്കുന്നത്. ജമ്മു കശ്മീരിന്റെ കാര്യത്തിൽ നെഹ്റുവിനു വീഴ്ച സംഭവിച്ചു. നടപ്പിലാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങളാണ് മോദി ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നത്– ഹൻസ് രാജ് പറഞ്ഞു.

ചില സമയങ്ങളിൽ ആളുകൾ ആവേശത്തിന്റെ പുറത്താണ് കാര്യങ്ങൾ പറയുന്നതെന്നും അതു കാര്യമായി എടുക്കേണ്ടതില്ലെന്നു ബിജെപി ഡൽഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി പ്രതികരിച്ചു. ഹാൻസ് രാജ് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു. മോദിയെ അംഗീകരിക്കുന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും മനോജ് തിവാരി പറഞ്ഞു. 1969 ലാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ രാജ്യതലസ്ഥാനത്ത് ജെഎന്‍യു സ്ഥാപിതമായത്.

Find Out More:

Related Articles: