തുറന്ന് 18 അണക്കെട്ടുകൾ; ശനിയാഴ്ച ഏഴു ജില്ലകളിൽ അതിതീവ്ര മഴ....

Divya John

കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ശനിയാഴ്ചയും സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ ബാണാസുരാസാഗർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി: കല്ലാർകുട്ടി ഡാം, പാംബ്‍ള ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം. പത്തനംതിട്ട: മണിയാർ (തടയണ). എറണാകുളം: ഭൂതത്താൻകെട്ട് (തടയണ), നേരിയമംഗലം ഡാം. തൃശൂർ: പെരിങ്ങൽകുത്ത് ഡാം, അസുരൻകുണ്ഡ് ഡാം, പൂമല ഡാം. പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, വാളയാർ ഡാം, മൂലത്തറ (റഗുലേറ്റർ). വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം ഡാം, കുറ്റ്യാടി. കണ്ണൂർ: പഴശ്ശി (തടയണ). കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടി നാലു മരണം. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി രണ്ടുകുട്ടികൾ മരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീടുതകര്‍ന്ന്‌ നാലു മരണം. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.

പുന്നയൂര്‍ക്കുളം ചമ്മണ്ണൂരില്‍ തോണിമറി‍ഞ്ഞ് കെഎസ്ഇബി എ.ഇ. ബൈജു മരിച്ചു. കോഴിക്കോട് കക്കയത്ത് പവർ ഹൗസിനടുത്ത് ഉരുൾപൊട്ടി. മെഷീനുകളിൽ വെള്ളം കയറി. ഒറ്റപാലത്തും ഉരുൾപൊട്ടി. സംസ്ഥാനത്ത് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സൈന്യം രംഗത്തുണ്ട്. ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത നിർദേശം നൽകി.

ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 38 ആയി. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്താൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

നിലമ്പൂർ ഭൂതാനത്തും കവളപ്പാറയിലും ഉരുള്‍പൊട്ടി. മുപ്പതോളം വീടുകൾ മണ്ണിനടിയിലായി. ഇവിടെ അൻപതോളം പേർ കുടുങ്ങിയതായും സംശയിക്കുന്നു. യാത്രാവിമാനങ്ങൾക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങൾക്കായി തുറന്നത്. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം ശനിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചു. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കുറ്റിപ്പുറം ഭാഗത്ത് റയിൽപാളത്തിൽ വെള്ളം കയറി. കരക്കാട് മണ്ണിടിഞ്ഞു. കോഴിക്കോട് കല്ലായി റയിൽവേ പാലം അപകടാവസ്ഥയിലാണ്. 

ദീർഘദൂരട്രെയിനുകൾ കോട്ടയം വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം ഇന്ന് രാവിലെ തടസ്സപ്പെട്ടു..

Find Out More:

Related Articles: