10 മീറ്ററോളം ആഴത്തില്‍ മണ്ണിടിഞ്ഞു; പുത്തുമലയില്‍ ഏഴു പേരെ ഇന്നും കണ്ടെത്തിയില്ല.
കൽപറ്റ∙ വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്കു വേണ്ടിയുള്ള വ്യാഴാഴ്ചത്തെ തിരച്ചിലും വിഫലം. മനുഷ്യസാധ്യമായ എല്ലാ രീതിയിലുമുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നു സ്ഥലം സന്ദര്‍ശിച്ചശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണകൂടം കാണാതായവരുടെ ബന്ധുക്കള്‍ക്കു വിശദീകരിച്ചു.
ഫലം ലഭിക്കുമെന്ന അവകാശവാദത്തോടെ സ്വകാര്യ ഏജന്‍സി തിരച്ചിലിനായി മൂന്ന് സ്നിഫര്‍ ഡോഗുകളെ കൊണ്ടുവന്നിരുന്നു. രാവിലെ മുതല്‍ ഇവയെ ഉപയോഗപ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നു വിവിധ തിരച്ചില്‍ യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പേര്‍ പങ്കാളികളായി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പലയിടത്തും പത്തു മീറ്ററോളം ആഴത്തില്‍ മണ്ണടിഞ്ഞു കിടക്കുകയാണ്.
ചെളി പമ്പു ചെയ്ത്കളയുന്ന സംവിധാനം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാതരത്തിലുമുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നതു വരെ ഇതു തുടരുമെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും.വലിയ മഴക്കെടുതിയുണ്ടായിട്ടും ഇടുക്കിയും വയനാടും ഇപ്പോഴും മഴക്കണക്കില്‍ പിറകിലാണ്