വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ തിരച്ചില്‍ അവസാനിപ്പിച്ചു. അഞ്ചുപേരെക്കൂടി കണ്ടെത്താന്‍ ബാക്കിനില്‍ക്കെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഇനി കണ്ടെത്താനുള്ളവരുടെ ബന്ധുക്കള്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.
അതേസമയം, കാണാതായ അഞ്ച് പേരിൽ ഒരാളായ ഹംസക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും. അദ്ദേഹത്തിനായി ഒരുപ്രദേശത്ത് കൂടി തിരച്ചില്‍ നടത്തണമെന്ന ഹംസയുടെ മകന്റെ അഭ്യര്‍ഥന പ്രകാരമാണ് തിരച്ചില്‍ നടത്തുക. മസ്ജിദിനോട് ചേര്‍ന്ന പ്രദേശത്തായിരിക്കും പോലീസും ഫയര്‍ഫോഴ്‌സും ഹംസക്കായി തിരച്ചില്‍ നടത്തുക.
16 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ 12 പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലുകള്‍ ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തിരച്ചിൽ അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചിലപ്പോൾ തിരച്ചിൽ ഉണ്ടായേക്കാം. ദുരന്ത നിവാരണ സേന മാത്രമാണ് തിരച്ചിൽ അവസാനിപ്പിച്ചതായി പറഞ്ഞത്.
Find Out More: