കനത്തമഴ: മുംബൈയില്‍ സ്കൂളുകള്‍ക്ക് അവധി; ട്രെയിനുകള്‍ വൈകും
മുംബൈ: രാത്രി പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ മുംബൈയിൽ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്.
അടുത്ത രണ്ട് ദിവസത്തേക്ക് മുംബൈയിലും സമീപ ജില്ലകളിലും ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലും വെള്ളക്കെട്ടുകളുടെ സമീപത്തും പോകുന്നവർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. എന്നാൽ പല ട്രെയിനുകളും വൈകുന്നുണ്ട്. ബസ് സർവീസിനേയും മഴ ബാധിച്ചു.