കേരളത്തിൽ അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത
കേരളത്തിൽ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഒമ്പതുവരെ ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്യും. ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദമാണ് കാലവർഷം വീണ്ടും സജീവമാകാൻ കാരണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. തെക്കൻ ജില്ലകളിലെ പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച കേരളത്തിൽ വ്യാപകമായി മഴപെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികം. പെരിന്തൽമണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റർ വീതവും. തുടർച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തിൽ ഇത്തവണയും തെക്കുപടിഞ്ഞാറൻ കാലവർഷം അധികമാണ്. ഇതുവരെ 11 ശതമാനം അധികമഴയാണ് കിട്ടിയത്. നാലാം തീയതി വരെ മഴ ഉണ്ടാകും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ആദ്യ പ്രവചനം. എന്നാൽ മഴ ഇനിയും അഞ്ചു ദിവസം കൂടി തുടരുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.