പി എസ് സി ക്രമക്കേട് : ഹൈകോടതി നോട്ടീസ്
പി എസ് സി ക്രമക്കേടിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനും, ഡിജിപിക്കും, സിബിഐക്കും, ഹൈക്കോടതി നോട്ടീസ് അയച്ചു.സർക്കാരും പി എസ് സി-യും സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് പറയുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. പരീക്ഷ ക്രമക്കേടിൽ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രമക്കേടിനെ കുറിച്ച് ഇപ്പോൾ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നതെന്നും, പരീക്ഷ നടത്തിപ്പിലെ തട്ടിപ്പ് കൂടുതൽ വ്യാപ്തിയുള്ളതായതുകൊണ്ട് സ്വാതന്ത്ര ഏജൻസി ഈ കേസ് അന്വേഷിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.മാത്രമല്ല ആഴത്തിലുള്ള അന്വേഷണം സി ബി ഐ-ക്കു മാത്രമേ സാധ്യമാകൂ എന്ന് ഹർജിയിൽ വ്യക്തമായിരുന്നു .
പ്രധാന പരീക്ഷ നടത്തിപ്പ് സവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയുന്ന രീതിയിലാണ് പരീക്ഷ തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയർന്നിരിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹർജിക്കാരുടേത് പരസ്യതാല്പര്യമാണെന്ന് പി എസ് സി കോടതിയെ അറിയിച്ചു.