കേശവപുരം സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ എക്സറേ യൂണിറ്റ് സ്ഥാപിച്ചു
കിളിമാനൂർ : കേശവപുരം സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ എക്സറേ യൂണിറ്റ് സ്ഥാപിച്ചു. ഇതിന്റെ പ്രവർത്തനം ഒക്ടോബറിൽ തുടങ്ങുമെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു. ആശുപത്രിയിലെ എക്സറെ യൂണിറ്റ് കാലപ്പഴക്കത്തെ തുടർന്ന് പ്രവർത്തനക്ഷമമല്ല.
ഇപ്പോൾ സ്ഥാപിച്ച യൂണിറ്റ് പ്രവർത്തന സജ്ജമാക്കുന്നതോടെ 15 മിനിറ്റിനുള്ളിൽ എക്സറേ ലഭിക്കും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് യൂണിറ്റ് സ്ഥാപിക്കുവാനുള്ള ചുമതല ലഭിച്ചത്. എക്സറേ യൂണിറ്റിനുള്ള കെട്ടിടത്തിനായി പൊതുമരാമത്തു വകുപ്പ് ഫണ്ടും അനുവദിച്ചിരുന്നു. മൂന്ന് മുറികളിലായി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഡിജിറ്റൽ എക്സറേ യൂണിറ്റ്. എസി സ്ഥാപിക്കാനുള്ള ജോലിമാത്രമാണ് ഇനി അവശേഷിക്കുന്നത്.
മൂന്ന് മുറികളിൽ എസി സ്ഥാപിക്കാനായി ആശുപത്രി വികസനഫണ്ടിൽ നിന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 1.64ലക്ഷം രൂപം കൈമാറിയിട്ടുണ്ട്. എസി ഒരാഴ്ച്ചയ്ക്കകം സ്ഥാപിക്കുമെന്ന് കോർപ്പറേഷൻ അധിക്യതർ അറിയിച്ചതായി ബി.സത്യൻ എംഎൽഎ പറഞ്ഞു.