ഓണത്തിന് ഗൾഫിൽനിന്നു കൂടുതൽ വിമാന സർവീസുകൾ: വി.മുരളീധരൻ

Divya John

കൊച്ചി ∙ ഓണക്കാലത്ത് ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ ഉണ്ടാവുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ‘ഉൽസവ - അവധി കാലങ്ങളിലെല്ലാം ഇത്തരത്തിൽ വിദേശത്തുനിന്നു കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തി വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാമെന്നു വ്യോമയാന മന്ത്രി കേരളത്തിലെ എംപിമാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്നു യൂറോപ്പിലേക്ക് ഗൾഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നൽകുന്ന വിമാന സർവീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാൻ നിർദേശവും നൽകി’- വി.മുരളീധരൻ വ്യക്തമാക്കി. പ്രവാസി ലീഗൽ സെൽ 10-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്കായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതി കഴിഞ്ഞ രണ്ടര മാസമായി സംഭവിച്ചിട്ടില്ല. മുൻപ് നയതന്ത്രത്തിൽ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കിൽ മോദി സർക്കാർ വന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങൾക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നൽകുന്നു. വിദേശത്തു ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാർക്കു ശിക്ഷാ കാലാവധി ഇന്ത്യയിൽ പൂർത്തിയാക്കാൻ അറുപതിലേറെ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.

 

 

പല കാരണങ്ങൾ കൊണ്ട് ചില പ്രവാസി തടവുകാർ ഈ സൗകര്യം വേണ്ടെന്നു വയ്ക്കുന്നു. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാൻ കഴിയുന്ന രീതിയിലാണ് എമിഗ്രേഷൻ നിയമം പരിഷ്കരിക്കുന്നത്. വിവരാവകാശ നിയമത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിവരാവകാശ കമ്മിഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. വിവരാവകാശ നിയമത്തിൽ ഒരു തരത്തിലുള്ള വെള്ളം ചേർക്കലിനും സർക്കാർ കൂട്ടുനിൽക്കില്ല. ഇക്കാര്യത്തിലുള്ള ആശങ്കകൾ പരിഹരിക്കാനും സർക്കാർ തയാറാണ്- മുരളീധരൻ പറഞ്ഞു.

 

 

Find Out More:

Related Articles: