കേരളത്തിലെ ആദ്യത്തെ ആസ്‌ട്രോ ടൂറിസം കേന്ദ്രം
പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുകായെന്ന് ഡി ടി പി സി സെക്രട്ടറി ബിജു രാഘവൻ പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങാട് മാവുങ്കാൽ മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സർക്കാരിന് സമർപ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടർന്ന് നവംബർ മാസത്തോടെ പ്രവർത്തി ആരംഭിക്കും. കള്കട്രേറ്റിൽ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്.
മഞ്ഞംപൊതിക്കുന്നിൽ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തിൽ വർണ്ണാഭമായ ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂര കാഴ്ച കുന്നിൻ മുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. രണ്ടാം ഘട്ടത്തിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കും.
150 കാറുകൾക്കും 20 ബസ്സുകൾക്കും 500 ടു വീലറുകൾക്കും ഒരേ സമയം പാർക്കെ് ചെയ്യാവുന്ന പാർക്കിങ് സോണാണ് മഞ്ഞം പൊതുക്കുന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.റിസപ്ക്ഷൻ സോൺ, പാർക്കിങ് സോൺ, ഫെസിലിലിറ്റി സോൺ, ഫൗണ്ടെയ്ൻ ആന്റ് ആസ്ട്രോ സോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ആദ്യഘട്ടത്തിൽ റിസപ്ക്ഷൻ ടൂറിസം വകുപ്പ് നൽകുന്ന ഫണ്ടിൽ ബ്ലോക്കും ജലധാരയും പാർക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ൻ പ്ലാസയും പദ്ധതിയുടെ ഭാഗമാകും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മികച്ച ടൂറിസം പദ്ധതിയായി മഞ്ഞംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ബേക്കൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചത്. നിർമ്മിതി കേന്ദ്രത്തിനാണ് മൂന്ന് പദ്ധതികളുടേയും നിർമ്മാണ ചുമതല. മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡിടിപിസിയ്ക്കാണ്.