മാസ്ക് വയ്ക്കാൻ മടിയുള്ളവർക്ക് ഇനി ഇതേ ഒരു മാർഗമുള്ളൂ...
ധാരാളം പേരാണ് മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോധവത്കരണം കാര്യമായി നടക്കുന്നുണ്ടെങ്കിലും മാസ്ക് ധരിക്കാത്തവരുടെ എണ്ണം കൂടിയതോടെ ഒരു സോഷ്യൽ മീഡിയ എക്സ്പെരിമെന്റിനിറങ്ങിയതാണ് ഒരു കൂട്ടം യുവാക്കൾ. ഫോണുമായി മാസ്ക് ധരിക്കാത്ത ഒരു യുവാവ് പാർക്കിൽ നടക്കുന്നവരോട് തന്റെ ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിക്കും. മാസ്ക് ധരിക്കാത്തവരെ തേടിപ്പിടിച്ചാണ് ഈ സഹായം ചോദിക്കുക. സ്വാഭാവികമായും കൂടുതൽ പേർ ഫോട്ടോ എടുക്കാൻ തയ്യാറാവും. ഫോട്ടോയ്ക്ക് കക്ഷി പോസ് ചെയ്യുമ്പോൾ അല്പം അകലെയായി മറഞ്ഞു നിൽക്കുന്ന പോലീസ് വസ്ത്രധാരിയായ യുവാവ് ഓടിവന്നു യുവാവിനെ തല്ലുന്നത് കാണാം. 'എവിടെടാ നിന്റെ മാസ്ക്?'
എന്ന ആക്രോശം കൂടിയാവുമ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവാവ് മാത്രമല്ല അടുത്തുള്ള എല്ലാവരും മാസ്ക് എടുത്തു ധരിക്കുന്നത് കാണാം. Col Tekpal Singh എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം അന്പത്തിനായിരത്തിലധികം വീഡിയോ നേടി ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. 'ഇന്ത്യയിൽ ഞങ്ങൾ ഇതിനെ അച്ചടക്ക നിർവ്വഹണം എന്ന് വിളിക്കുന്നു' എന്ന അല്പം നർമം നിറഞ്ഞ അടിക്കുറിപ്പുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വീഡിയോ കണ്ട ഭൂരിഭാഗം പേരും മാസ്ക് വയ്ക്കാൻ മടിയുള്ളവർക്ക് ഈ രീതി ഫലപ്രദമാണെന്ന് അഭിപ്രായപ്പെട്ടു.